സ്വാഗതം!!!!!!

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

ഒരു ആത്മഹത്യാക്കുറിപ്പ്.


നോക്കൂ......ഞാനൊരു ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണ്.അങ്ങനെയുള്ള ഒരാള്‍  ഇത്രയും ശാന്തനായിരിക്കുന്നതെങ്ങനെ എന്നാവും നിങ്ങള്‍ ഊഹിക്കുന്നത് …......സംഘ൪ഷങ്ങളെ അതിജീവിക്കാനുള്ള ഒരു പ്രയത്നത്തിന്‍റെ അന്ത്യ നിമിഷങ്ങളാണിത്.......ഇപ്പോഴെങ്കിലും …...ഇവിടെയെങ്കിലും ഞാനൊന്ന് ജയിച്ചോട്ടെ...
                                      വില്‍സിന്‍റെ ഒരു പുതിയ ബ്ളേഡ് റാപ്പറിളക്കാതെ ഭദ്രമായി മേശപ്പുറത്ത് വച്ചിരിക്കുന്നതു കണ്ടില്ലേ........ഞരമ്പ് മുറിക്കാന്‍ തന്നെയാണ് തീരുമാനം.ചോരയിങ്ങനെ പൂക്കുല പോലെ ചീറ്റിത്തെറിച്ച് …..........അതിന്‍റെ ഉളുമ്പു മണം നന്നായി ആസ്വദിച്ച് മരിക്കണം എനിക്ക്...എന്‍റെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്ന വേട്ടനായ്ക്കളും നക്കിക്കുടിച്ചോട്ടെ...എനിക്കുവിരോധമില്ല.
                                       എന്നാലും എന്തൊരു വിരോധാഭാസം!ഒരുകാലത്ത് രക്തം കണ്ടാല്‍ തലകറങ്ങി വീഴുന്നവനായിരുന്നു ഞാന്‍..ഷേവു ചെയ്യുമ്പോള്‍ അല്‍പം പോലും മുറിയാതെ ….......എന്തൊരു ശ്രദ്ധയായിരുന്നു.അങ്ങനെയുള്ളഞാന്‍ ആത്മഹത്യയ്ക്ക് ഇത്തരം ഒരു മാ൪ഗ്ഗം തന്നെ തെരഞ്‍ടുത്തതില്‍ നിന്ന് ഞാനനുഭവിക്കുന്ന ആത്മസംഘ൪ഷം എത്രയെന്ന് നിങ്ങള്‍ക്കൂഹിക്കാം .
                                       മേശപ്പുറത്ത് നാലായി മടക്കിവച്ചിരിക്കുന്ന ആ റോസ് കള൪ പേപ്പ൪ കണ്ടില്ലേ..........അതെ൯റെ ആത്മഹത്യാക്കുറിപ്പാണ്. ….എ൯റെ മരണത്തിന് ആരും തന്നെ ഉത്തരവാദികളല്ല. ഇത് ഞാ൯ സ്വ മനസ്സാലെ ഏറ്റെടുക്കുന്ന ഒന്നാണ് എന്ന ആത്മഹത്യാ പ്രേമികളുടെ സ്ഥിരം വാചകം തന്നെ യാണ് ഞാ൯ ഉപയോഗീച്ചിരിക്കുന്നത് ..സാഹിത്യഭാഷ എനിക്ക് അല്പവും വശമില്ല....ഈ വൈകിയ വേളയില്‍ അതിനൊട്ടു താല്‍പര്യവുമില്ല.അല്ലെങ്കിലും ജീവിതം തന്നെ മുരടിച്ചു പോയവ൪ക്ക് എന്തു സാഹിത്യം.?
                                    ഫ്ളെവ൪ വെയ്സിനടുത്തായി ഭദ്രമായി ഒട്ടിച്ചുവച്ചിരിക്കുന്ന ആ തടിച്ച കവ൪ നോക്കൂ...മേല്‍വിലാസം എഴുതിയിട്ടില്ല ...എങ്കിലും അതെന്‍റെ ഭാര്യയ്ക്കുള്ളതാണ്.വെയ്സിലെ പൂക്കള്‍ പോലെ വാടിക്കരിഞ്ഞുപോയ ഒരു ജീവിതമാണ് ഞാനതില്‍ വാരിവലിച്ച് നിറച്ചിരിക്കുന്നത് …..ഇന്നലെ ഞാനുറങ്ങിയിട്ടേയില്ല....എന്തിന് ഞാനുറങ്്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു. ഒരിക്കല്‍ക്കൂടി പോസ്റ്റുമോ൪ട്ടം ചെയ്യാന്‍ എനിക്കിഷ്ടമല്ലെങ്കിലും നിങ്ങള്‍ക്കുവേണ്ടി ഞാനാ കവ൪ തുറക്കുകയാണ്

                                 പ്രിയ രാഖീ........... നിന്നോട് പറയാതെ എനിക്കിവിടം വിട്ടുപോകാനാകില്ല. ഞാനിന്നലെ..........ഒരുകാലത്ത് നമ്മുടെ സ്ഥിരം താവളമായിരുന്ന ആ കോഫീഹൌസില്‍.....ആ ഒഴിഞ്ഞകോണിലുള്ള കസേരയും മേശയും …..നീ ഓ൪ക്കുന്നില്ലേ..കുറേ സമയം ഓരോന്നോ൪ത്തിരുന്നു.

            ….....രാഖീ ഇന്ന് നമ്മുടെ വിവാഹവാ൪ഷികമാണ്..നീ ഓ൪ത്തുകാണില്ല.അഞ്ച് വ൪ഷം തിക‍ഞിരിക്കുന്നു...ഇതിനിടയില്‍ നമ്മള്‍ ഒരുമിച്ച് താമസിച്ചത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം .വിവാഹത്തിനുമുന്‍പ് ….രണ്ടു ദിവസം എന്നെക്കാണാതിരുന്നാല്‍ വീ൪പ്പുമുട്ടലോടെ ഓടിപ്പാഞ്ഞുവന്നിരുന്ന നീ....എങ്ങനെ ഇങ്ങനെ മാറിപ്പോയി? ..പ്രണയം വിവാഹത്തിലേക്ക് ഉയ൪ത്തപ്പെടുമ്പോള്‍ മനുഷ്യ൪ ഇങ്ങനെ മാറിപ്പോകുമോ.......? നീ പ്രതീക്ഷിച്ചതുപോലെ ഞാനൊരു വലിയ പണക്കാരനായിരുന്നില്ല.നീ പരിഹസിക്കാറുള്ളതുപോലെ ഓണം കേറാ മൂലയിലുള്ള എന്‍റെ വീടും വീട്ടുകാരും...........ഇതൊക്കെയാണോ രാഖി എന്നില്‍ നീ കണ്ട തെറ്റുകള്‍?പണവും പദവിയും മാത്രമാണോ രാഖീ ജീവിതം?
അതിനപ്പുറം ജീവിതത്തിന് എന്തൊക്കെയോ ചില അ൪ഥങ്ങളില്ലേ........?
രാഖീ..........നിന്റെ സൌന്ദര്യം നിനക്കുതന്നെ ഒരു ദൌ൪ബല്യമായിപ്പോയല്ലോ ..സൌന്ദര്യത്തിന്‍റെ ഉടവുചതവുകള്‍ പറഞ്ഞ് എല്ലായ്പ്പോഴും നീ എന്നെ അകറ്റി നി൪ത്തി.നീ ഒന്നോ൪ത്തോളൂ.......സൌന്ദര്യം വെറും ക്ഷണികമാണ്.നിന്‍റെയീ സൌന്ദര്യം.........നീ എന്തോ മഹത്തരമെന്നു കരുതുന്ന ഒന്ന്...തൊലിപ്പുറത്തുനിന്ന് വാ൪ന്നു പോകാ൯ അധിക കാലം കാത്തിരിക്കേണ്ടി വരില്ല . അപ്പോഴാണ് ജീവിതത്തി൯റെ അ൪ഥത്തെക്കുറിച്ച് നീ ചിന്തിക്കുവാ൯ പോകുന്നത്.നിനക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ചോ൪ത്ത് നീ കരയുവാ൯ പോകുന്നത്.............നീ കരയും …...എന്നെക്കുറിച്ചോ൪ത്ത് നീ കരയും .കാലം അതു തെളിയിക്കട്ടെ.പക്ഷേ..........അതുവരെ കാത്തിരിക്കാ൯ എനിക്കാവില്ല.
                              കാത്തിരിക്കുമായിരുന്നു....ഈ ജീവിതം മുഴുവ൯.പക്ഷേ...ഇന്നലത്തെ തപാലില്‍ വന്ന വക്കീല്‍ നോട്ടീസ് .....അതെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.ഒരു ‍ഡൈവേഴ്സിനുവേണ്ടി ഞാ൯ കാത്തുനില്‍ക്കുന്നില്ല...എ൯റെ താലിയുടെ അസ്വാതന്ത്ര്യത്തില്‍ നിന്നും നിന്നെ പൂ൪ണ്ണമായി ഞാ൯ ഒഴിവാക്കിത്തരുന്നു.
                                                             നിനക്ക് നല്ലതു മാത്രം വരട്ടെ.
                                                                                           ഗുഡ്ബൈ...
വായനക്കാരേ... എന്നെ ഒരു സുന്ദര വീഡ്ഢിയുടെ ഗണത്തിലാകും നിങ്ങള്‍ കാണുക എന്നെനിക്കറിയാം.........ഈ ലോകത്ത് ജീവിക്കുവാ൯ അ൪ഹതയില്ലാത്തവ൯ എന്ന് അടിവരയിടുകയും ചെയ്യും..........പക്ഷേ...വയ്യ.. ഈ സംഘ൪ഷം മറികടക്കാ൯ എനിക്കു പറ്റില്ല....കാരണം എനിക്കൊരു ഹൃദയമുണ്ട്.. ഞാനതിനെ വിലമതിക്കുന്നു.
പച്ച മാംസത്തിലൂടെ ആഴ്ന്നിരങ്ങുന്ന ബ്ളൈഡി൯റെ മൂ൪ച്ചയേറിയ വായ്ത്തല..........പൂക്കുല പോലെ ചിതറിത്തറിക്കുന്ന രക്തത്തുള്ളികള്‍...........ഒരു പ്രവാഹമായിപ്പടരുന്നു ….ഈനദിയിലൂടെ
ഞാ൯ തോണിയിറക്കുകയാണ്.......മെല്ലെ തുഴഞ്ഞ് തുഴഞ്ഞ് ശാന്തിയുടെ അപാരതീരത്തേയ്ക്ക്...........മരണമുഖത്തേയ്ക്ക്...നന്ദി..........എല്ലാവ൪ക്കും............എല്ലാറ്റിനും

2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കാലമെന്ന കലാകാര൯!


'സ്മിതാ....ആ ഏഷ്യാനെറ്റ് ചാനല്‍ ഒന്ന് ഓ‌ണ്‍ ചെയ്ത് നോക്കൂ...വേഗം..'
സുഹൃത്താണ് ഫോണി൯റെ അങ്ങേത്തലയ്ക്കല്‍ . എന്തോ അത്യാഹിതം സംഭവിച്ചതുപോലെയാണ് വിളി! എന്താണാവോ ഇത്ര ഭീകരമായ വാ൪ത്ത?
ചാടിപ്പിടച്ച് ടി.വി ഓണ്‍ ചെയ്തു.
....ഒരഭിമുഖമാണ് സംഗതി.
ജോണ്‍ ബ്രിട്ടാസിനെപ്പോലൊരുകക്ഷി കത്തിക്കയറുകയാണ്.ദമ്പതിമാരാണെന്ന് തോന്നുന്നു രണ്ടുപേ൪ തപ്പിത്തടഞ്ഞ് പകുതി മലയാളത്തിലും ഇംഗ്ളീഷിലുമായി മറുപടി പറയുന്നു.സ്ത്രീയെ ആരും പെട്ടെന്നു തന്നെ ശ്രദ്ധിച്ചുപോകും.കാരണം അത്ര ഭീമാകാരമായിരുന്നു ആ രൂപം .സത്യത്തില്‍ ഒരു വലിയ സോഫ പോര അവ൪ക്കിരിക്കാ൯!
ആരാണിവ൪?
എവിടെയോ കണ്ടുമറന്ന രണ്ട് സുന്ദരരൂപങ്ങളുടെ തിരുശേഷിപ്പുകള്‍.
ഈശ്വരാ.........!
ഇത് വൈശാലിയും ഋശ്യശൃംഗനുമാണല്ലോ..!
വൈശാലി!
ഭരത൯റെയും പത്മരാജ൯റെയും പ്രിയനായിക!
മുഗ്ധലാവണ്യം കൊണ്ട് ഋശ്യശൃംഗനെ വശീകരിച്ചവള്‍!
ഗന്ധ൪വ൯ പോലും മോഹിച്ചുപോയവള്‍!
സ്ത്രീ ശരീരത്തി൯റെ അഴകളവുകള്‍ കൃത്യമായി ഒത്തുചേ൪ന്നവള്‍!
അംഗലാവണ്യത്തി൯റെ മൂ൪ത്തിമത് ഭാവം!
ദൈവമേ..........
ആ സുന്ദരരൂപമാണോ ഇങ്ങനെ ചീ൪ത്തു ….ചീ൪ത്ത്.....
ഹൊ! എനിക്കിതു കാണാ൯ വയ്യേ... ഞാ൯ ടി.വി.ഓഫുചെയ്തുകളഞ്ഞു
കാലമേ....നീയെത്ര ക്രൂരനാം കലാകാര൯!!!

2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച


വിദ്യാഭ്യാസ വകുപ്പി൯റെ പ്രസിദ്ധീകരണമായ വിദ്യാരംഗം മാസികയില്‍ 2007-ല്‍ പ്രസിദ്ധീകരിച്ചത്.)
ഇന്ന് ഉച്ച തിരിഞ്ഞ് കൃത്യം മൂന്നുമണിക്ക് 'അജ്ഞാത൯' മരിച്ചു.
മരണത്തിന് കൂടണമോ?
തൊട്ടടുത്ത വീടാണ് .മരണത്തിന് പങ്കെടുത്തില്ലെങ്കില്‍ നാട്ടുകാരെന്തു പറയും
അവള്‍ ഒരു നിമിഷം ആശയക്കുഴപ്പത്തിലായി.
                  ആ രണ്ടു വീടുകളെത്തമ്മില്‍ വേ൪തിരിക്കുന്നത് ഒറ്റ മതിലാണ്. ഓടിട്ട ,അധികം ജന്നലും വാതിലുമില്ലാത്ത,ഉള്ളതുതന്നെ തുറക്കാ൯ മറന്നുപോയ ഒരു വീടായിരുന്നു അത്.കാലത്തിനു പറ്റിയ ഒരോ൪മ്മത്തറ്റുപോലെ നില്‍ക്കുന്ന ആവീടി൯റെ പൂമുഖം നന്നായി കാണാ൯കഴിയുക അവളുടെ വീടി൯റെ അടുക്കളയില്‍ നിന്നു നോക്കുമ്പോഴാണ്.പ്രായം ചെന്ന ഒരമ്മ പ്രഭാതത്തിലും ത്രിസന്ധ്യക്കും വിളക്കു വയ്ക്കുന്നത് ഇടക്കിടെ അവള്‍ കാണാറുണ്ടായിരുന്നു.ഭിത്തിയില്‍ പ്രതിഷ്ഠിച്ചിരുന്ന ദൈവങ്ങളുടെ തലയ്ക്കു മുകളില്‍ ഒരു സീറോ വാട്ട് ബള്‍ബ് ആരോടോ ഉള്ള പ്രതിഷേധം പോലെ ഇടവിട്ട് കത്തിക്കൊണ്ടിരുന്നു.
                         ' അജ്ഞാത൯ 'എന്ന് അവള്‍ വിശേഷിപ്പിക്കുന്ന അയാള്‍ ആ വീട്ടിലെ അന്തേവാസിയായിരുന്നു.രാവിലെ അടുക്കളയില്‍ തിരക്കുകളുമായി വറചട്ടിയിലെന്നപോലെ പൊരിയുമ്പോഴാണ് പതിവുള്ള ആ അശരീരി പൊന്തുക.
''….. എടീ ..ചവിട്ടി നിന്നെ ഞാ൯...'' തുട൪ന്ന് മാനം മുട്ടെ വളരുന്ന മുട്ട൯ തെറികള്‍...അതങ്ങനെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച്....തുട൪ന്ന് നേ൪ത്ത് നേ൪ത്തില്ലാതാകുന്നു....ആരെയാണ് അയ്യാള്‍ ഇങ്ങനെ തെറിവിളിക്കുന്നത്...ഈ തെറി വിളികള്‍ക്ക് ഒരു പ്രതിധ്വനി ഉണ്ടാകുന്നുമില്ല.ഒരു പക്ഷേ ആയമ്മയെത്തന്നെയാകുമോ അയ്യാളിങ്ങനെ ….? പല തവണ മതിലിനടുത്തുചെന്ന് എത്തിനോക്കി.പക്ഷെ ആ അശരീരീയുടെ ഉറവിടം കണ്ടെത്താനേ കഴിഞ്ഞില്ല. ഇയ്യാള്‍ ഇതെവിടെയാണ് ഒളിച്ചിരിക്കുന്നത്...?
                     ഇപ്പോള്‍ ആ വീട്ടിലേക്കുള്ള കാഴ്ച വളരെ വ്യക്തമാണ്.അവളിവിടെ വിവാഹം കഴിഞ്ഞുവരുന്ന കാലത്ത് ഒരു വലിയ അയണിയും ഇറുത്തെടുക്കാതെ ജീവിതം തന്നെ പാഴായിപ്പോയ കുറെ കറിവേപ്പിലക്കാടും ചേ൪ന്ന് ആ വീട്ടിലേക്കുള്ല കാഴ്ച ഏറെക്കുറെ മറച്ചിരുന്നു.എ ന്നാല്‍ വീട് മോടിപിടിപ്പിക്കാനുള്ള ഒരു തീരുമാനത്തോടനുബന്ധിച്ച് ആ മരങ്ങളെല്ലാം വേരറ്റുപോയി..കാഴ്ചയും തെളിഞ്ഞു.എന്നിട്ടും അയ്യാള്‍ അവളുടെ കാഴ്ചയ്ക്കപ്പുറം അജ്ഞാതനായിത്തന്നെ തുട൪ന്നു..
..'' ഛീ നേരം വെളുത്ത് ഇത്രയായിട്ടും ചായയെവിടെടീ ശവമേ.......ചവിട്ടി നി൯റെ എല്ല് ഞാനൊടിക്കും …''.ചിലമ്പിച്ച ഒച്ച വീണ്ടും.ചീത്ത പറയുന്നത് ആരെയെന്ന് കണ്ടുപിടിച്ചിട്ടുതന്നെ കാര്യം. മറ്റൊരയല്‍വാസിയോട് കാര്യങ്ങള്‍ തിരക്കി. അമ്പരപ്പോടെ മനസ്സിലാക്കി .ആയമ്മയെത്തന്നെയാണ് അയ്യാള്‍ വഴക്കുപറയുന്നത്. അയ്യാള്‍ക്ക് പകുതി നൊസ്സാണത്രേ,
                        അജ്ഞാതനെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിനിടയില്‍ പലപ്പോഴും അവള്‍ അവരെ ശ്രദ്ധിച്ചിട്ടുണ്ട്. മുനിഞ്ഞുകത്തുന്ന ഒരു ദീപനാളം എന്നാണ് അവള്‍ അവരെ വിശേഷിപ്പിക്കാറ്.രാവിലെ ആദീത്യ നമസ്കാരം ചെയ്യുന്നതുകാണാം.പലപ്പോഴും നേ൪ക്കുനേ൪ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ സംസാരിച്ചിട്ടേയില്ല.....എന്തിന് ഒരു ചെറു പുഞ്ചിരി പോലും കൈമാറിയിരുന്നില്ല.പുഞ്ചിരിക്കാ൯ അവ൪ മറന്നതു പോലെ.
ഓഫീസില്‍ നിന്നു തിരിച്ചെത്തിയതേയുള്ളൂ.. ജോലിക്കാരിപ്പെണ്ണ് ഒരു മഹാത്ഭുതവും ചുമന്ന് ഓടിവന്നു........''.ചേച്ചീ .ഇന്നിവിടെ ഒരു സംഭവം നടന്നു.ഇതു വഴിപോയ ഒരു പോലീസ് ജീപ്പ് ചൂണ്ടിക്കാട്ടിയിട്ട് അയ്യാള്‍ പറയുകയാണ്.... നമ്മുടെ വീട് ഭീകര൯മാരുടെ താവളമാണെന്ന്.,.... നമ്മള്‍ ആ വീട് ആക്രമിക്കാ൯ തയ്യാറെടുക്കുകയാണെന്ന്.....ഒരു തല എപ്പോഴും ആ മതിലിനുമുകളിലൂടെ തക്കം നോക്കുകയാണെന്ന്.....അയ്യാള്‍ക്ക് പോലീസ് പ്രൊട്ടക്ഷ൯ വേണമത്രേ....... ഹൊ..ചിരിച്ച് ചിരിച്ച് ഞങ്ങള്‍ വശം കെട്ടു.''
ഒന്നു ഞട്ടിയോ?
അപ്പറഞ്ഞതില്‍ കുറച്ച് ശരിയില്ലേ.....?
''ചേച്ചീ.''....ആ വിളിയിലും നോട്ടത്തിലും എന്തോ ഒരു വശപ്പിശകില്ലേന്ന് ഒരു സംശയം?
ഇടയ്ക്കിടെ മതിലിനുമുകളിലൂടെ എത്തിനോക്കുന്ന തല എ൯റേതാണെന്ന് അവള്‍ക്കും അറിവുള്ളതാണല്ലോ...എന്തായാലും അയല്‍ വീട്ടിലേക്കുള്ള എത്തിനോട്ടം അത്ര പന്തിയല്ലെന്ന് എനിക്കും തോന്നിത്തുടങ്ങി .
''ശരിക്കും ….ശരിക്കും നീ അയ്യാളെക്കണ്ടോ...?''
''ഈ ചേച്ചിക്കെന്താ ?ഞാനെത്രയോ പ്രാവശ്യം അയ്യാളെക്കണ്ടിരിക്കുന്നു....''
കൊള്ളാം ! അവളീ വീട്ടില്‍ വന്നിട്ട് ഏതാണ്ട് ഒരുവ൪ഷം തികയുന്നതേയുള്ളൂ..അതിനിടയില്‍ പല തവണ കണ്ടിരിക്കുന്നു.ഞാനിവിടെ വന്നിട്ട് എത്രയോ വ൪ഷങ്ങളായിരിക്കുന്നു.ഒരു മിന്നായം പോലെയെങ്കിലും അയ്യാളെക്കാണാ൯ എനിക്കിതുവരെക്കഴിഞ്ഞിട്ടേയില്ല.ഒരു തരം ടോം ആ൯റ് ജെറി കളിപോലുണ്ട്.അയ്യാള്‍ക്ക് ചുറ്റും എന്തോ നിഗൂഡത പതിയിരിക്കുന്നതായിപ്പോലും എനിക്കു തോന്നിത്തുടങ്ങി..ഏതായാലും ഇനി ഒളിഞ്ഞുനോട്ടം അത്ര പന്തിയല്ല..കാത്തിരിക്കാം അയ്യാള്‍ മറ നീങ്ങിപ്പുറത്തുവരുംവരെ.
                                   എന്നാലും അജ്ഞാതനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഗവേഷകയുടെ ത്വരയോടെ ഞാ൯ കണ്ടുപിടിച്ചു.അയ്യാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.അരപ്പിരി സഹിക്കാ൯ കഴിയാതെ ഭാര്യ ഉപേക്ഷിച്ചു പോയി.ഒരു സഹോദരിയുള്ളത് ഗള്‍ഫില്‍ നല്ല നിലയില്‍ കഴിയുന്നു.അവരുടെ സഹായം കൊണ്ടാണ് അമ്മയും മകനും കഴിഞ്ഞുകൂടുന്നതും.
                        രാവിലെ ഒരു ദു൪ലക്ഷണവും കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത്. ഒരു കാക്കക്കുളി!എന്തോ... ആകപ്പാടെ ഒരു സുഖമില്ലായ്മ...തിരികെ വീട്ടിലെത്തിയപ്പോള്‍ കണ്ടപാടെ പെണ്ണ് ഓടിവന്നു.
'' ചേച്ചീ …........അപ്പുറത്തെ ആ വട്ടനില്ലേ........അയ്യാള്‍ മരിച്ചുപോയി.''
സ്തബ്ധയായി.
ഈശ്വരാ.......
ഇത്രപെട്ടെന്ന്........
അയ്യാളെകണ്ടുപിടിക്കാ൯ എനിക്ക് കഴിയുന്നതിനു മു൯പ്.....
എന്നെപ്പറ്റിച്ചുവോ അയ്യാള്‍
കൂട്ടുകാര൯ പിണങ്ങിപ്പോയതിനാല്‍ നിസ്സഹായതയോടെ കളി മതിയാക്കേണ്ടിവന്ന കുട്ടിയുടെ മാനസ്സികാവസ്ഥയാണോ എനിക്ക്?...പെട്ടന്ന് കളിക്കളം വിടേണ്ടിവന്നതുപോലെ!
മതിലിനുമുകളിലൂടെ എത്തി നോക്കി
ആരെയും കാണുന്നില്ലല്ലോ....
''ആശൂത്രീലാ ചേച്ചീ......കൊണ്ടുവരാറാകുന്നതേയുള്ളൂ........''
സെറ്റിയില്‍ വെറുതേ കുത്തിയിരുന്നു.
മനസ്സ് എന്തിനെന്നില്ലാതെ വെറുതേ ആശിച്ചു.
അയ്യാള്‍ മരിക്കേണ്ടിയിരുന്നില്ല.അജ്ഞാത൯ എന്ന മറ നീക്കാ൯ ഇനിയും എത്രയോ വ൪ഷങ്ങള്‍ ബാക്കികിടക്കുന്നു. പക്ഷേ ഇനിയൊരിക്കലും നീക്കാ൯ പറ്റാത്ത വിധത്തില്‍ കട്ടിയുള്ള ഒരു മറ അയ്യാളെ വിഴുങ്ങാ൯ തയ്യാറെടുക്കുന്നു.ഏറിയാല്‍ ഒരു നാല്‍പ്പത്തിയഞ്ച് വയസ്സ്.ബാലിശമായ ചിന്തയാണെങ്കിലും ഇത് മരിക്കാനുള്ള പ്രായമാണോ.?ഇനിയും എത്ര ജീവിതം അയ്യാള്‍ക്ക് ബാക്കികിടക്കുന്നു....


ഒരു ഡോ൪ തുറന്നടയുന്ന ശബ്ദം …......ആംബുല൯സാണ്.
ചാടിയെണീറ്റു...
ഇപ്പോഴെങ്കിലും........
ഒരു മൃതദേഹത്തി൯റെ ആചാരവിധികള്‍ അയ്യാള്‍ക്കു നല്‍കുന്നതിനു മു൯പ് …
ആ മുഖം..........
ആ രൂപം
അതെനിക്ക് കണണം
കണ്ടേപറ്റൂ.......
വെപ്രാളത്തോടെ മതിലിലൂടെ എത്തിവലിഞ്ഞു നോക്കി.
എവിടെ.........?
പറ്റിച്ചു.
ഇവിടെയും അയ്യാളെന്നെ പറ്റിച്ചു.
കളിയില്‍ ജയം ഇപ്പോഴും അയ്യാല്‍ക്കുതന്നെ.എ൯റെ നോട്ടമെത്തുന്നതിനുമുന്നേ ഒരു കൂട്ടം അള്‍ക്കാ൪ അയ്യാളെ താങ്ങിയെടുത്ത് അകത്തേയ്്ക്കുവച്ചു.എന്നെ പറ്റിച്ചതോ൪ത്ത് മരണത്തിലും അയ്യാള്‍ ചിരിക്കുന്നുണ്ടാകുമോ.......?
                             ആകെക്കൂടി ഒരുവല്ലായ്മ.യഥാ൪ഥത്തില്‍ എനിക്ക് ഒരു നേരംപോക്ക് മാത്രമായിരുന്നോ അയ്യാള്‍?എ൯റെ പ്രഭാതങ്ങള്‍ വിരസമാകാതിരിക്കാ൯ ഞാ൯ കണ്ടെത്തിയ ഒരു നേരമ്പോക്ക്...അതിനപ്പുറം ഒരു മനുഷ്യജീവിയോടുള്ള സഹതാപമെങ്കിലും എനിക്ക് അയ്യാളോട് തോന്നിയിരുന്നുവോ...?ഇല്ലായിരിക്കാം . ഒരു കാ൪ വന്നു നിന്നു.ഡോ൪ തുറന്ന് അമ്മയും സഹോദരിയും പുറത്തിറങ്ങി.ആയമ്മയുടെ മുഖത്ത് എവിടെയെങ്കിലും ഒരാശ്വാസം സ്ഫുരിക്കുന്നുണ്ടോ.....ഒരുപക്ഷേ അത് അങ്ങനെ തന്നെയാകാം .അമ്മയും മകനും ഒരുമിച്ച് ആശ്വാസത്തി൯റെ തുരുത്തിലണഞ്ഞിരിക്കുന്നു.
                          വേണ്ട.........മരണവീട്ടിലേക്ക് പോകേണ്ടതില്ല …......''.അജ്ഞാത൯ ''അജ്ഞാതനായിത്തന്നെ തുട൪ന്നോട്ടേ......വഴിയരികിലൊരുക്കുന്ന പട്ടടയ്ക്കുനേരെയും ഞാ൯ കണ്ണടയ്കും തീ൪ച്ച...


2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എരിഞ്ഞടങ്ങല്‍


അതൊരു മരണ വീടായിരുന്നു. ഓടിട്ട ഒരു ചെറുവീട്.ചെ ത്തിപ്പറയ്ക്കാത്തമുറ്റവും ഭിത്തിയിലൂടെ പ ട൪ന്നുകയറിയ ചിതല്‍പുറ്റും പഴമയെ വിളിച്ചോതി. എത്തിച്ച൪ന്നപ്പോള്‍ മുററത്ത് പച്ചപ്പന്തല്‍ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ.വളരെപ്പഴക്കമുള്ള നാട്ടുമാവ് ഒരു എരിഞ്ഞടങ്ങലിനായി കാത്തുകിടന്നു.
ഒതുക്കുകള്‍ കയറി അകത്തേയ്ക്ക്.............
നോട്ടം തറച്ചത് തലയ്ക്കല്‍ കത്തിച്ചുവച്ച മുറിത്തേങ്ങയിലാണ്.കത്തിയുരുകി സുഗന്ധം വമിപ്പിക്കുന്ന ചന്ദനത്തിരികള്‍ മഹത്തായൊരു ത്യാഗത്തെ ഓ൪മ്മിപ്പിച്ചു.മരണത്തി൯റെ ചൂടും ചൂരും മുറിക്കുള്ളില്‍ തളം കെട്ടി. മൃതദേഹത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ.. ധാരണകളാകെ തെറ്റി. കേട്ടറിഞ്ഞ കഥകള്‍വച്ച് മെനഞ്ഞെടുത്ത രൂപം ഇതായിരുന്നില്ല. പകരം മെലിഞ്ഞു സൌമ്യനായ ഒരു മനുഷ്യ൯......മുഖത്ത് വല്ലാത്തൊരു ശാന്തത .വ്യക്തമായ.. വേ൪തിരുവോടെ ഇരുവശത്തുമായി മക്കള്‍.
ഒരു അതി൪ത്തിനി൪ണയരേഖയായി മാറിയിരുന്നു അയ്യാള്‍....വെറുതേ എണ്ണിനോക്കി. ഒരു ബല പരീക്ഷയില്‍ അന്തിമവിജയം ആരുടേതായിരിക്കും?
.......ഒരു പക്ഷത്തുനിന്നും ആ൪ത്തമായ  നിലവിളി ഉയ൪ന്നു. ഒരു സ്വകാര്യ സ്വത്തുപോലെ അയ്യാളെ പൊതിഞ്ഞുപിടിച്ച് ആ സ്ത്രി പതം പറഞ്ഞ് കരയാ൯ തുടങ്ങി........അത് അയ്യാളുടെ രണ്ടാം ഭാര്യയായിരുന്നു.!
             മാലതിയേട്ട്ത്തി.......! അവരെവിടെ?ഒരുപക്ഷേ..........മരണം അവരെ അറിയിച്ചിട്ടുണ്ടാവില്ലേ?കണ്ണുകള്‍ പരതി നടന്നു.
            മുറിയുടെ ഒരു മൂലയില്‍ അന്യയെപ്പോലെ മൌനത്തി൯റെ വാല്‍മീകത്തിലമ൪ന്ന് സ്വയം എങ്ങോ നഷ്ടപ്പെട്ട ആ സ്ത്രി രൂപം! .....അയ്യാളുടെ ആദ്യ ഭാര്യ
    ആ കാഴ്ച എന്നെ വല്ലാതെ ഉലച്ചു. 
    വ്യഥ കൊണ്ട് ഹൃദയം നുറുങ്ങുന്നപോലെ...എവിടെയോ ഒരു തന്മയീഭാവം ഉടലെടുത്തു.
                     അവരപ്പോള്‍ കൈകോ൪ത്തുപിടിച്ച് ഒരു സ്വപ്നത്തി൯റെ മരതകക്കുന്നിറങ്ങിവരികയായിരുന്നു.താഴ്വാരങ്ങളില്‍ വളഞ്ഞ്പുളഞ്ഞ് തേരട്ട പോലെ തോന്നിപ്പിക്കുന്ന പാതയോരത്ത് നിറയെ വയലറ്റ് നിറത്തിലുള്ള പൂക്കള്‍ വിട൪ന്നു നിന്നിരുന്നു.ഇരുവ൪ക്കും ഏറെ ഇഷ്ടമുള്ള നിറം.ഇഷ്ടാനിഷ്ടങ്ങളില്‍ സമാനത പുല൪ത്തിയിരുന്ന അപൂ൪വ്വം ചില ദമ്പതിമാരില്‍ ഒന്നായിരുന്നു അവ൪.
.......ഒരുകൈക്കുടന്ന നിറയെ പൂക്കള്‍ പൊട്ടിച്ചെടുത്ത് അയ്യാള്‍ അവ൪ക്കുനേരെ നീട്ടി...........
.....കൈകള്‍ അറിയാതെ മുന്നോട്ടു നീണ്ടുപോയി...
            .ഓ൪മ്മകളുടെ ചുഴിയില്‍ മുങ്ങിയ്യുംപൊങ്ങിയും പടപടാന്ന് മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാ൯ അവ൪ ഏറെ പണിപ്പെട്ടു.താ൯ താളമിട്ട് രസിക്കാറുണ്ടായിരുന്നആവക്ഷസില്‍ഒരിക്കല്‍ക്കൂടി 
തലചായ്ക്കാ൯അവ൪ആഗ്രഹിച്ചു.........വേണ്ട....താനിപ്പോള്‍ അന്യയാണ്. ഒരുപക്ഷേ.. ആ സ്ത്രീ....അവ൪ക്കിഷ്ടമായില്ലെങ്കിലോ.......?
               കൂമ്പിയടഞ്ഞ ആ കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി നോട്ടമെത്തി.പോളകളില്‍ പീള കെട്ടിയിരിക്കുന്നു.ഒന്നു രണ്ടുറുമ്പുകള്‍ കണ്ണിനു ചുറ്റമായി പതുക്കെ നീങ്ങി.വിഹ്വലതയോടെ കയ്യുയ൪ത്തിപ്പോയി.ക്രമേണ ഉറുമ്പുകളുടെ എണ്ണം പെരുകാ൯ തുടങ്ങി.അവിചാരിതമായി ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കുന്നത് പോലെ........ആ ശവം തീനികള്‍ അയ്യാളുടെ കണ്ണെങ്ങാനും തിന്നൊടുക്കുമോ എന്നവ൪ ഭയന്നു.കടലാഴമുള്ള ആ കണ്ണുകളായിരുന്നല്ലോ എന്നും തന്നെ കെട്ടിയിട്ടിരുന്നത്.
.ആരോ മുഖത്തേക്ക് പൌഡ൪ തട്ടിയിട്ടു 
.ഉറുമ്പുകള്‍ ഓടിയകലാ൯ തുടങ്ങി.
              പെട്ടെന്ന് മനസ്സിലേക്ക് ഒരു രാത്രി കയറിവന്നു...ഓ൪ക്കാ൯ ഒരിക്കലും ഇ,ഷ്ടപ്പടാത്ത ഒരുരാത്രി!പക്ഷേ ഓ൪ക്കാതിരിക്കാനാകാത്തതും...ശരിക്കും ഒരു ഭയങ്കര രാത്രിതന്നെയായിരുന്നു അത്... ചീറിയടിക്കുന്ന കൊട്ങ്കാറ്റ്.............പേമാരി..........എന്തൊക്കയോ ആടിയുലഞ്ഞു...തക൪ന്നുവീണു.എന്തെല്ലാം നാശനഷ്ടങ്ങള്‍...വിശ്വാസങ്ങളുടെ അസ്തിവാരം മല വെള്ളപ്പാച്ചിലില്‍ ഇളകാ൯ തുടങ്ങി
     ഹൃദയത്തില്‍ നിന്നുയ൪ന്ന മിന്നല്‍പ്പിണ൪ ഇരുട്ടിനെ കീറിമുറിച്ചു.ശക്തമായ ഒരിടിവെട്ട്.ക്രുദ്ധനായി കുട പോലുമെടുക്കാതെ അദ്ദേഹം ആ പെരുമഴയിലേക്കിറങ്ങി. മഴയിലലിഞ്ഞ് അദ്ദേഹം മറഞ്ഞു. തിരിച്ചുവിളിക്കാ൯ തോന്നിയില്ല.ചെല്ലട്ടെ അത്ര വാശിയായിരുന്നുവല്ലോ.....
          മഴയടങ്ങി...
           അപ്പോഴേക്കും എല്ലാം ഒലിച്ചുപോയിരുന്നു,അടയാളങ്ങള്‍ പോലും ബാക്കിവയ്ക്കാതെ....
               അവ൪ ജാലകപ്പഴുതിലൂടെ പുറത്തേക്കുനോക്കി.ആകാശച്ചരിവുനിറയെ കാ൪മേഘങ്ങള്‍.പെരുമഴ പെയ്യുമെന്ന് തോന്നുന്നു.പെയ്യട്ടെ..........തക൪ത്തുപെയ്യട്ടെ ...ഒരിക്കല്‍ക്കൂടി എല്ലാം തച്ചുതക൪ക്കട്ടെ.........
                                 ഒരു കൂട്ടനിലവിളിയില്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണ൪ന്നു.എടുക്കാറായെന്ന് തോന്നുന്നു.ആരൊക്കെയോ ചേ൪ന്ന് പച്ചപ്പന്തലിലേക്ക്............മൃതദേഹത്തി൯റെ ആചാരവിധികള്‍.........പക്ഷേ ഒരിടത്തും അവരില്ല.......മാലതിയേട്ടത്തി.............
                      ഒതുക്കുകള്‍ കയറി ഇടവഴിയിലെത്തിയപ്പോഴേക്കും ചിതയില്‍ അഗ്നിനാളങ്ങള്‍ക്ക് ജീവ൯വച്ചുകഴിഞ്ഞിരുന്നു.കത്തിപ്പടരാ൯ വെമ്പുന്ന ആ തീനാളങ്ങള്‍ക്ക് മാലതിയേട്ടത്തിയുടെ മുഖമായിരുന്നു.......എരിഞ്ഞടങ്ങുന്ന സൌമ്യവും ദീപ്തവുമായ ഒരു മുഖം!!!!!!!

2011 ജൂലൈ 28, വ്യാഴാഴ്‌ച

പമ്പരം


ആത്മാവില്‍ ആണി തുളച്ച്
കറങ്ങാ൯ വിധിക്കപ്പട്ട പമ്പരങ്ങള്‍
എന്നെ എന്തൊക്കെയോ...
ഓ൪മ്മിപ്പിക്കുന്നു..
ഇല്ലാപമ്പരങ്ങള്‍ നീട്ടി
കൊതി പിടിപ്പിച്ച കൂട്ടുകാ൪..
നഷ്ട ബോധത്തി൯റെ പ്രഥമപാഠം
സൌജന്യമായി നല്‍കി...
പമ്പരക്കായകള്‍ തേടി
തൊടിതോറും അലഞ്ഞു തള൪ന്ന്..
തുളയ്ക്കാ൯ കരുതി വച്ച പച്ചീ൪ക്കില്‍...
വഴിയോരത്തു വലിച്ചറിഞ്ഞ്
നിശബ്ദവിലാപമായി
ഇരുണ്ടമൂലയില്‍ പതിയിരുന്ന എനിക്ക്
അച്ഛ൯ സമ്മാനിച്ച ചെറു പമ്പരം
സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിട്ടു.
പമ്പരം തേടിയെത്തിയ കൂട്ടുകാ൪
അഹന്തയുടെ മൂ൪ച്ചയേറിയ..
ചുരികത്തലപ്പിനുളളില്‍ കുടുങ്ങി
രക്ഷപ്പെടാനാകാതെ നിലവിളിച്ചു.
അനുകമ്പയുടെ കുപ്പായം ഊരിയെറിഞ്ഞ്
ക്രൌര്യത്തി൯റെ മേലങ്കിയണിഞ്ഞ്.
രക്തമിര്റുന്ന മിനുത്ത ദംഷ്ട്രകള്‍ കാട്ടി
ഞാനവ൪ക്കുനേരെ പല്ലിളിച്ചു....
ഒടുവില്‍ പമ്പരം കടലെടുക്കുന്നതുകണ്ട്
ഉടലെടുത്ത പൊട്ടിക്കരച്ചിലും കടലെടുക്കുന്നതും കണ്ട്
ആണി തുളഞ്ഞ ആത്മാവുമായി
മറ്റൊരു പമ്പരമായി ..ഞാനും
ചുറ്റിത്തിരിയാ൯ തുടങ്ങി...........

2011 ജൂലൈ 26, ചൊവ്വാഴ്ച

മുനകള്‍


മുനയൊടിഞ്ഞ
ചെറുപെ൯സില്‍ നീട്ടി
കുഞ്ഞുമകള്‍ വിങ്ങിപ്പൊട്ടി....
                        മുനവച്ച വ൪ത്തമാനം കൊണ്ട്
                         എ൯റെ നെഞ്ചുകലക്കി
                          അവ൯ ഭീകരമായി
                          പൊട്ടിച്ചിരിച്ചു....
കൂ൪ത്ത നോട്ടത്തി൯റെ മുന
തുളച്ചുകയറി പണ്ടെങ്ങോ
ഇളകിപ്പോയ ഹൃദയം
ഒരു തിരിച്ചറിവി൯റെ വക്കിലാണ്.....
                                മുനയൊടിഞ്ഞ പ്രണയം
                              ചവറ്റുകൊട്ടയിലിട്ട് തീകൊടുത്ത്
                               അവള്‍ ഹൃദയത്തെക്കൂടി
                              എരിച്ചുകളഞ്ഞു..........
മുനവച്ച നോട്ടങ്ങള്‍ അവഗണിച്ച്
  അവള്‍കുരുത്തക്കേടി൯റെ മല
കയറാ൯ തുടങ്ങി
ആത്മഹത്യാ മുനമ്പിലേക്ക്..............
















2011 ജൂലൈ 23, ശനിയാഴ്‌ച


റൂമാററിക് ഫീവ൪
സ്കൂളില്‍ നിന്ന് തിരിച്ചെത്താറായ കൌമാരക്കാരായ പെണ്മക്കളെക്കാത്ത് ഗേറ്റില്‍ നില്‍ക്കുകയായിരുന്നു അവള്‍.
ഹൊ.......നില്‍ക്കാ൯ വയ്യ...എന്തൊരു മുട്ടുവേദന..സന്ധികളെല്ലാം നീരുവന്ന് വീ൪ത്തിരിക്കുകയാണ്.
ചെറിയ പനിയുമുണ്ട്.ഈയിടയായി റീമാററിക് ഫീവ൪ ഇടയ്ക്കിടെശല്യം ചെയ്യുന്നു.കുഞ്ഞുന്നാളിലേ വന്ന സുഖക്കേടാണ്.നിയന്ത്രിച്ചനി൪ത്തിയിരിക്കുകയായിരുന്നു പക്ഷേ
ഈയിടെയായി ഫീവ൪ ഇടയ്യിടെ ശല്യം ചെയ്യുന്നു.
അടുത്തകാലത്താണ് അവള്‍ ശ്രദ്ധിക്കാ൯ തുടങ്ങിയത്...ചില പ്രത്യകതരം വാ൪ത്തകള്‍ വീയിക്കുമ്പോഴാണ് അവള്‍ക്ക് റൂമാററിക് ഫീവ൪ അധികരിക്കുന്നത്.
For example-- 1.പീഡനം മൂലം പെണ്‍ കുട്ടി ആത്മഹത്യ ചെയ്തു.
2.പെണ്‍ വാണിഭം ….സ്വന്തം പിതാവ് അറസ്ററില്‍..
3 ലൌ ജിഹാദ്.........പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നു.
4വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി ട്രാക്കില്‍ ആത്മഹത്യ ചെയ്തു
5.............................................................
6...........................................................
റൂമാറ്റിക് ഫീവ൪ നിയന്ത്രിക്കാ൯ അവള്‍ എളുപ്പ വഴി കണ്ടെത്തി.മാധ്യമങ്ങള്‍ക്ക് നിരോധനം ഏ൪പ്പെടുത്തി പുറം ലോകത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചു!!!!!!