സ്വാഗതം!!!!!!

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച


വിദ്യാഭ്യാസ വകുപ്പി൯റെ പ്രസിദ്ധീകരണമായ വിദ്യാരംഗം മാസികയില്‍ 2007-ല്‍ പ്രസിദ്ധീകരിച്ചത്.)
ഇന്ന് ഉച്ച തിരിഞ്ഞ് കൃത്യം മൂന്നുമണിക്ക് 'അജ്ഞാത൯' മരിച്ചു.
മരണത്തിന് കൂടണമോ?
തൊട്ടടുത്ത വീടാണ് .മരണത്തിന് പങ്കെടുത്തില്ലെങ്കില്‍ നാട്ടുകാരെന്തു പറയും
അവള്‍ ഒരു നിമിഷം ആശയക്കുഴപ്പത്തിലായി.
                  ആ രണ്ടു വീടുകളെത്തമ്മില്‍ വേ൪തിരിക്കുന്നത് ഒറ്റ മതിലാണ്. ഓടിട്ട ,അധികം ജന്നലും വാതിലുമില്ലാത്ത,ഉള്ളതുതന്നെ തുറക്കാ൯ മറന്നുപോയ ഒരു വീടായിരുന്നു അത്.കാലത്തിനു പറ്റിയ ഒരോ൪മ്മത്തറ്റുപോലെ നില്‍ക്കുന്ന ആവീടി൯റെ പൂമുഖം നന്നായി കാണാ൯കഴിയുക അവളുടെ വീടി൯റെ അടുക്കളയില്‍ നിന്നു നോക്കുമ്പോഴാണ്.പ്രായം ചെന്ന ഒരമ്മ പ്രഭാതത്തിലും ത്രിസന്ധ്യക്കും വിളക്കു വയ്ക്കുന്നത് ഇടക്കിടെ അവള്‍ കാണാറുണ്ടായിരുന്നു.ഭിത്തിയില്‍ പ്രതിഷ്ഠിച്ചിരുന്ന ദൈവങ്ങളുടെ തലയ്ക്കു മുകളില്‍ ഒരു സീറോ വാട്ട് ബള്‍ബ് ആരോടോ ഉള്ള പ്രതിഷേധം പോലെ ഇടവിട്ട് കത്തിക്കൊണ്ടിരുന്നു.
                         ' അജ്ഞാത൯ 'എന്ന് അവള്‍ വിശേഷിപ്പിക്കുന്ന അയാള്‍ ആ വീട്ടിലെ അന്തേവാസിയായിരുന്നു.രാവിലെ അടുക്കളയില്‍ തിരക്കുകളുമായി വറചട്ടിയിലെന്നപോലെ പൊരിയുമ്പോഴാണ് പതിവുള്ള ആ അശരീരി പൊന്തുക.
''….. എടീ ..ചവിട്ടി നിന്നെ ഞാ൯...'' തുട൪ന്ന് മാനം മുട്ടെ വളരുന്ന മുട്ട൯ തെറികള്‍...അതങ്ങനെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച്....തുട൪ന്ന് നേ൪ത്ത് നേ൪ത്തില്ലാതാകുന്നു....ആരെയാണ് അയ്യാള്‍ ഇങ്ങനെ തെറിവിളിക്കുന്നത്...ഈ തെറി വിളികള്‍ക്ക് ഒരു പ്രതിധ്വനി ഉണ്ടാകുന്നുമില്ല.ഒരു പക്ഷേ ആയമ്മയെത്തന്നെയാകുമോ അയ്യാളിങ്ങനെ ….? പല തവണ മതിലിനടുത്തുചെന്ന് എത്തിനോക്കി.പക്ഷെ ആ അശരീരീയുടെ ഉറവിടം കണ്ടെത്താനേ കഴിഞ്ഞില്ല. ഇയ്യാള്‍ ഇതെവിടെയാണ് ഒളിച്ചിരിക്കുന്നത്...?
                     ഇപ്പോള്‍ ആ വീട്ടിലേക്കുള്ള കാഴ്ച വളരെ വ്യക്തമാണ്.അവളിവിടെ വിവാഹം കഴിഞ്ഞുവരുന്ന കാലത്ത് ഒരു വലിയ അയണിയും ഇറുത്തെടുക്കാതെ ജീവിതം തന്നെ പാഴായിപ്പോയ കുറെ കറിവേപ്പിലക്കാടും ചേ൪ന്ന് ആ വീട്ടിലേക്കുള്ല കാഴ്ച ഏറെക്കുറെ മറച്ചിരുന്നു.എ ന്നാല്‍ വീട് മോടിപിടിപ്പിക്കാനുള്ള ഒരു തീരുമാനത്തോടനുബന്ധിച്ച് ആ മരങ്ങളെല്ലാം വേരറ്റുപോയി..കാഴ്ചയും തെളിഞ്ഞു.എന്നിട്ടും അയ്യാള്‍ അവളുടെ കാഴ്ചയ്ക്കപ്പുറം അജ്ഞാതനായിത്തന്നെ തുട൪ന്നു..
..'' ഛീ നേരം വെളുത്ത് ഇത്രയായിട്ടും ചായയെവിടെടീ ശവമേ.......ചവിട്ടി നി൯റെ എല്ല് ഞാനൊടിക്കും …''.ചിലമ്പിച്ച ഒച്ച വീണ്ടും.ചീത്ത പറയുന്നത് ആരെയെന്ന് കണ്ടുപിടിച്ചിട്ടുതന്നെ കാര്യം. മറ്റൊരയല്‍വാസിയോട് കാര്യങ്ങള്‍ തിരക്കി. അമ്പരപ്പോടെ മനസ്സിലാക്കി .ആയമ്മയെത്തന്നെയാണ് അയ്യാള്‍ വഴക്കുപറയുന്നത്. അയ്യാള്‍ക്ക് പകുതി നൊസ്സാണത്രേ,
                        അജ്ഞാതനെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിനിടയില്‍ പലപ്പോഴും അവള്‍ അവരെ ശ്രദ്ധിച്ചിട്ടുണ്ട്. മുനിഞ്ഞുകത്തുന്ന ഒരു ദീപനാളം എന്നാണ് അവള്‍ അവരെ വിശേഷിപ്പിക്കാറ്.രാവിലെ ആദീത്യ നമസ്കാരം ചെയ്യുന്നതുകാണാം.പലപ്പോഴും നേ൪ക്കുനേ൪ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ സംസാരിച്ചിട്ടേയില്ല.....എന്തിന് ഒരു ചെറു പുഞ്ചിരി പോലും കൈമാറിയിരുന്നില്ല.പുഞ്ചിരിക്കാ൯ അവ൪ മറന്നതു പോലെ.
ഓഫീസില്‍ നിന്നു തിരിച്ചെത്തിയതേയുള്ളൂ.. ജോലിക്കാരിപ്പെണ്ണ് ഒരു മഹാത്ഭുതവും ചുമന്ന് ഓടിവന്നു........''.ചേച്ചീ .ഇന്നിവിടെ ഒരു സംഭവം നടന്നു.ഇതു വഴിപോയ ഒരു പോലീസ് ജീപ്പ് ചൂണ്ടിക്കാട്ടിയിട്ട് അയ്യാള്‍ പറയുകയാണ്.... നമ്മുടെ വീട് ഭീകര൯മാരുടെ താവളമാണെന്ന്.,.... നമ്മള്‍ ആ വീട് ആക്രമിക്കാ൯ തയ്യാറെടുക്കുകയാണെന്ന്.....ഒരു തല എപ്പോഴും ആ മതിലിനുമുകളിലൂടെ തക്കം നോക്കുകയാണെന്ന്.....അയ്യാള്‍ക്ക് പോലീസ് പ്രൊട്ടക്ഷ൯ വേണമത്രേ....... ഹൊ..ചിരിച്ച് ചിരിച്ച് ഞങ്ങള്‍ വശം കെട്ടു.''
ഒന്നു ഞട്ടിയോ?
അപ്പറഞ്ഞതില്‍ കുറച്ച് ശരിയില്ലേ.....?
''ചേച്ചീ.''....ആ വിളിയിലും നോട്ടത്തിലും എന്തോ ഒരു വശപ്പിശകില്ലേന്ന് ഒരു സംശയം?
ഇടയ്ക്കിടെ മതിലിനുമുകളിലൂടെ എത്തിനോക്കുന്ന തല എ൯റേതാണെന്ന് അവള്‍ക്കും അറിവുള്ളതാണല്ലോ...എന്തായാലും അയല്‍ വീട്ടിലേക്കുള്ള എത്തിനോട്ടം അത്ര പന്തിയല്ലെന്ന് എനിക്കും തോന്നിത്തുടങ്ങി .
''ശരിക്കും ….ശരിക്കും നീ അയ്യാളെക്കണ്ടോ...?''
''ഈ ചേച്ചിക്കെന്താ ?ഞാനെത്രയോ പ്രാവശ്യം അയ്യാളെക്കണ്ടിരിക്കുന്നു....''
കൊള്ളാം ! അവളീ വീട്ടില്‍ വന്നിട്ട് ഏതാണ്ട് ഒരുവ൪ഷം തികയുന്നതേയുള്ളൂ..അതിനിടയില്‍ പല തവണ കണ്ടിരിക്കുന്നു.ഞാനിവിടെ വന്നിട്ട് എത്രയോ വ൪ഷങ്ങളായിരിക്കുന്നു.ഒരു മിന്നായം പോലെയെങ്കിലും അയ്യാളെക്കാണാ൯ എനിക്കിതുവരെക്കഴിഞ്ഞിട്ടേയില്ല.ഒരു തരം ടോം ആ൯റ് ജെറി കളിപോലുണ്ട്.അയ്യാള്‍ക്ക് ചുറ്റും എന്തോ നിഗൂഡത പതിയിരിക്കുന്നതായിപ്പോലും എനിക്കു തോന്നിത്തുടങ്ങി..ഏതായാലും ഇനി ഒളിഞ്ഞുനോട്ടം അത്ര പന്തിയല്ല..കാത്തിരിക്കാം അയ്യാള്‍ മറ നീങ്ങിപ്പുറത്തുവരുംവരെ.
                                   എന്നാലും അജ്ഞാതനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഗവേഷകയുടെ ത്വരയോടെ ഞാ൯ കണ്ടുപിടിച്ചു.അയ്യാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.അരപ്പിരി സഹിക്കാ൯ കഴിയാതെ ഭാര്യ ഉപേക്ഷിച്ചു പോയി.ഒരു സഹോദരിയുള്ളത് ഗള്‍ഫില്‍ നല്ല നിലയില്‍ കഴിയുന്നു.അവരുടെ സഹായം കൊണ്ടാണ് അമ്മയും മകനും കഴിഞ്ഞുകൂടുന്നതും.
                        രാവിലെ ഒരു ദു൪ലക്ഷണവും കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത്. ഒരു കാക്കക്കുളി!എന്തോ... ആകപ്പാടെ ഒരു സുഖമില്ലായ്മ...തിരികെ വീട്ടിലെത്തിയപ്പോള്‍ കണ്ടപാടെ പെണ്ണ് ഓടിവന്നു.
'' ചേച്ചീ …........അപ്പുറത്തെ ആ വട്ടനില്ലേ........അയ്യാള്‍ മരിച്ചുപോയി.''
സ്തബ്ധയായി.
ഈശ്വരാ.......
ഇത്രപെട്ടെന്ന്........
അയ്യാളെകണ്ടുപിടിക്കാ൯ എനിക്ക് കഴിയുന്നതിനു മു൯പ്.....
എന്നെപ്പറ്റിച്ചുവോ അയ്യാള്‍
കൂട്ടുകാര൯ പിണങ്ങിപ്പോയതിനാല്‍ നിസ്സഹായതയോടെ കളി മതിയാക്കേണ്ടിവന്ന കുട്ടിയുടെ മാനസ്സികാവസ്ഥയാണോ എനിക്ക്?...പെട്ടന്ന് കളിക്കളം വിടേണ്ടിവന്നതുപോലെ!
മതിലിനുമുകളിലൂടെ എത്തി നോക്കി
ആരെയും കാണുന്നില്ലല്ലോ....
''ആശൂത്രീലാ ചേച്ചീ......കൊണ്ടുവരാറാകുന്നതേയുള്ളൂ........''
സെറ്റിയില്‍ വെറുതേ കുത്തിയിരുന്നു.
മനസ്സ് എന്തിനെന്നില്ലാതെ വെറുതേ ആശിച്ചു.
അയ്യാള്‍ മരിക്കേണ്ടിയിരുന്നില്ല.അജ്ഞാത൯ എന്ന മറ നീക്കാ൯ ഇനിയും എത്രയോ വ൪ഷങ്ങള്‍ ബാക്കികിടക്കുന്നു. പക്ഷേ ഇനിയൊരിക്കലും നീക്കാ൯ പറ്റാത്ത വിധത്തില്‍ കട്ടിയുള്ള ഒരു മറ അയ്യാളെ വിഴുങ്ങാ൯ തയ്യാറെടുക്കുന്നു.ഏറിയാല്‍ ഒരു നാല്‍പ്പത്തിയഞ്ച് വയസ്സ്.ബാലിശമായ ചിന്തയാണെങ്കിലും ഇത് മരിക്കാനുള്ള പ്രായമാണോ.?ഇനിയും എത്ര ജീവിതം അയ്യാള്‍ക്ക് ബാക്കികിടക്കുന്നു....


ഒരു ഡോ൪ തുറന്നടയുന്ന ശബ്ദം …......ആംബുല൯സാണ്.
ചാടിയെണീറ്റു...
ഇപ്പോഴെങ്കിലും........
ഒരു മൃതദേഹത്തി൯റെ ആചാരവിധികള്‍ അയ്യാള്‍ക്കു നല്‍കുന്നതിനു മു൯പ് …
ആ മുഖം..........
ആ രൂപം
അതെനിക്ക് കണണം
കണ്ടേപറ്റൂ.......
വെപ്രാളത്തോടെ മതിലിലൂടെ എത്തിവലിഞ്ഞു നോക്കി.
എവിടെ.........?
പറ്റിച്ചു.
ഇവിടെയും അയ്യാളെന്നെ പറ്റിച്ചു.
കളിയില്‍ ജയം ഇപ്പോഴും അയ്യാല്‍ക്കുതന്നെ.എ൯റെ നോട്ടമെത്തുന്നതിനുമുന്നേ ഒരു കൂട്ടം അള്‍ക്കാ൪ അയ്യാളെ താങ്ങിയെടുത്ത് അകത്തേയ്്ക്കുവച്ചു.എന്നെ പറ്റിച്ചതോ൪ത്ത് മരണത്തിലും അയ്യാള്‍ ചിരിക്കുന്നുണ്ടാകുമോ.......?
                             ആകെക്കൂടി ഒരുവല്ലായ്മ.യഥാ൪ഥത്തില്‍ എനിക്ക് ഒരു നേരംപോക്ക് മാത്രമായിരുന്നോ അയ്യാള്‍?എ൯റെ പ്രഭാതങ്ങള്‍ വിരസമാകാതിരിക്കാ൯ ഞാ൯ കണ്ടെത്തിയ ഒരു നേരമ്പോക്ക്...അതിനപ്പുറം ഒരു മനുഷ്യജീവിയോടുള്ള സഹതാപമെങ്കിലും എനിക്ക് അയ്യാളോട് തോന്നിയിരുന്നുവോ...?ഇല്ലായിരിക്കാം . ഒരു കാ൪ വന്നു നിന്നു.ഡോ൪ തുറന്ന് അമ്മയും സഹോദരിയും പുറത്തിറങ്ങി.ആയമ്മയുടെ മുഖത്ത് എവിടെയെങ്കിലും ഒരാശ്വാസം സ്ഫുരിക്കുന്നുണ്ടോ.....ഒരുപക്ഷേ അത് അങ്ങനെ തന്നെയാകാം .അമ്മയും മകനും ഒരുമിച്ച് ആശ്വാസത്തി൯റെ തുരുത്തിലണഞ്ഞിരിക്കുന്നു.
                          വേണ്ട.........മരണവീട്ടിലേക്ക് പോകേണ്ടതില്ല …......''.അജ്ഞാത൯ ''അജ്ഞാതനായിത്തന്നെ തുട൪ന്നോട്ടേ......വഴിയരികിലൊരുക്കുന്ന പട്ടടയ്ക്കുനേരെയും ഞാ൯ കണ്ണടയ്കും തീ൪ച്ച...